തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ലക്ഷ്യം നിയമസഭ തന്നെ; വ്യക്തത വരുത്തി ടിവികെ

ചെന്നൈ: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ അനന്ദ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വിക്രവണ്ടി ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കില്ലെന്ന് ഉറപ്പായി. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് വിക്രവണ്ടി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ പത്തിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂലൈ 13-ന് നടക്കും.പാര്‍ട്ടി പ്രത്യയശാസ്ത്രം, നയം എന്നിവ സംബന്ധിച്ച് വിജയ് തന്നെ പൊതുയോഗത്തിലൂടെ അറിയിക്കും. അതിനുശേഷം, വിജയ് പാര്‍ട്ടി ഘടന ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തന രംഗത്തിറങ്ങുകയും ആളുകളെ കാണുകയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യും. അതിനിടയിലുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചത്.ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഫാന്‍ ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.