ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ നടത്തിയ പരിപാടിയിൽ സ്വച്ഛ് ഭാരത് മിഷൻ ശുചിത്വ അംബാസിഡറായി സുപ്രസിദ്ധ സിനിമ സീരിയൽ താരം അനീഷ് രവി ചുമതലയേറ്റു. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണവും പരിസ്ഥിതി അവബോധവും എന്ന വിഷയത്തെ ആസ്പദമാക്കി അറുന്നൂറോളം കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പരിസ്ഥിതി സന്ദേശം ഉള്ളടക്കം ചെയ്ത 15000 നെയിംസ്ലിപ്പുകൾ സ്കൂളിന് കൈമാറി. കൂടാതെ സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ വാചകം ചൊല്ലുകയും ചെയ്തു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 600 ലധികം വൃക്ഷതൈകൾ നഗരസഭ നട്ടുപിടിപ്പിച്ചതായി ചെയർപേഴ്സൻ അറിയിച്ചു.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കൗൺസിലർ എം.താഹിർ, സെക്രട്ടറി കെ.എസ്.അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ.റാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ശ്രീലത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ പ്രതിനിധികളായ ജയരാജ്, റാണി, ജയരാജ്, സിന്ധു, ഹരിതകർമ്മസേനാംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.