കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പോലീസിന്റെപിടിയിലായി. ഇരവിപുരം സ്‌നേഹനഗര്‍ 23, ഫാത്തിമ മന്‍സിലില്‍ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ഇയാള്‍ സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു.തുടര്‍ന്ന് ഹോട്ടലിലെ പാര്‍ട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാന്‍ ഇത് ചോദ്യം ചെയ്തതോടെ ഇജാസ് തന്റെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുഹമ്മദ് സഫാനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയിയായ അനന്തകൃഷ്ണനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.