നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായിരുന്നു ഇരു പാർട്ടികളും. നിന്ന നിൽപ്പിൽ മുന്നണികൾ മാറാൻ ഒരു മടിയും കാണിക്കാത്തയാളാണ് നിതീഷ് എന്നതിനാൽ എൻഡിഎ പാളയത്തിൽ ആശങ്കയുണ്ട്. മോദി നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കരുതെന്ന് നിതീഷിനോടും ചന്ദ്രബാബു നായിഡുവിനോടും തൃണമൂൽ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭ്യർത്ഥിച്ചു. നിതീഷിനെ പ്രധാനമന്ത്രിയാക്കി ഇന്ത്യ സഖ്യം അധികാരത്തിൽ വരണമെന്ന നിർദേശം മമത മുന്നോട്ടുവച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. അതേസമയം ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ എൻ ഡി എയിൽ നിന്ന് വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആവശ്യപ്പെടും. ഇന്നത്തെ എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡുവിനൊപ്പം പവൻ കല്യാണും പങ്കെടുക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. അതിനു ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദവും ഉന്നയിച്ചേക്കും