മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന അംഗീകാരം മക്കൾക്ക് മറ്റെന്തിനെക്കാളും സന്തോഷം നൽകുന്നതും പ്രിയപ്പെട്ടതുമായിരിക്കും. മക്കൾ എത്ര വളർന്നു വലുതായാലും ആ പ്രിയപ്പെട്ട നിമിഷങ്ങൾ അവരുടെ മനസിൽ നിന്ന് മായാതെ തന്നെ നിൽക്കും. ഐഎഎസ് ഓഫീസറായ ഉമാ ഭാരതിയും അവരുടെ പിതാവും കടന്നു പോയതും അത്തരത്തിലൊരു അഭിമാന നിമിഷത്തിലൂടെയാണ്.
തെലങ്കാന പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറും എസ്പിയുമായ എൻ വെങ്കടേശ്വരലു, ആ ഐഎഎസ് ഓഫീസറെ സല്യൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തിന്റ കണ്ണുകൾ ആനന്ദാശ്രുക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അഭിമാനവും സന്തോഷവും കൂടിയിണങ്ങിയ നിമിഷമായിരുന്നു അത്. ഐഎഎസ് ട്രെയിനി ഓഫീസറായ മകൾ എൻ ഉമാ ഭാരതിയെ ഔദ്യോഗികമായി നേരിട്ട് കണ്ടപ്പോഴായിരുന്നു അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയ ആ സല്യൂട്ട്.
തെലങ്കാന പൊലീസ് അക്കാദമിയിലേക്ക് സെമിനാറിനായി എത്തിയതായിരുന്നു ഉമ. പിതാവിനെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു. എന്നാൽ പ്രതീക്ഷിക്കാതെയായിരുന്നു അവൾക്ക് പൂക്കൾ സമ്മാനിച്ച് പിതാവ് സല്യൂട്ട് നൽകിയത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ഇത് വേറിട്ടൊരു അനുഭവമായിരുന്നു. മകളെ സല്യൂട്ട് ചെയ്യുന്ന പിതാവിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം വൈറലായി.
പിതാവിനെക്കാൾ ഉയർന്ന പദവി സ്വന്തമാക്കിയ ഉമയെ മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. യുപിഎസ്സി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഉമാ ഭാരതി 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.