മുഹമ്മദ് റിസ്‌വാന്‍ ക്രീസിലുള്ളപ്പോള്‍ 14 ഓവറില്‍ 80 റണ്‍സിലെത്തിയിരുന്ന പാകിസ്ഥാന് അവസാന ആറോവറില്‍ 40 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ബുമ്ര ആദ്യ പന്തില്‍ തന്നെ പൊരുതി നിന്ന മുഹമ്മദ് റിസ്‌വാനെ(44 പന്തില്‍ 31) മനോഹരമായൊരു ഇന്‍സ്വിംഗറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്‍ പതറി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ ഷദാബ് ഖാനെയും വീഴ്ത്തി പാകിസ്ഥാനെ ബാക്ക് ഫൂട്ടിലാക്കി. ഇതോടെ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പാകിസ്ഥാന് അവസാന മൂന്നോവറില്‍ ലക്ഷ്യം 30 റണ്‍സായി. പതിനെട്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് നോ ബോള്‍ അടക്കം 9 റണ്‍സ് വഴങ്ങിയതോടെ ലക്ഷ്യം രണ്ടോവറില്‍ 21 റണ്‍സായി. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ബുമ്ര അവസാന പന്തില്‍ ഇഫ്തീഖര്‍ അഹമ്മദിനെ പുറത്താക്കി പാക് ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സാക്കി.അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇമാദ് വാസിമിനെ(23 പന്തില്‍ 15) റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചു. അടുത്ത രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ഷഹീന്‍ അഫ്രീദിയും നസീം ഷായും അവസാന മൂന്ന് പന്തില്‍ ലക്ഷ്യം 16 റണ്‍സാക്കി. നാലാം പന്തില്‍ ബൗണ്ടറി നേടിയ നസീം ഷാ അവസാന രണ്ട് പന്തിലെ ലക്ഷ്യം 12 റണ്‍സാക്കി. അഞ്ചാം പന്തും ബൗണ്ടറി കടത്തിയ നസീം ഷാക്ക് അവസാന പന്തില്‍ സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു.നേരത്തെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(10 പന്തില്‍ 13) വീഴ്ത്തിയ ബുമ്ര തന്നെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഉസ്മാന്‍ ഖാനെ(13) അക്സറും ഫഖര്‍ സമനെ(8 പന്തില്‍ 13) ഹാര്‍ദ്ദിക്കും മടക്കി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.നേരത്തെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പവര്‍ പ്ലേയില്‍ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും റിഷഭ് പന്തും അക്സര്‍ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോറിലെത്തുമെന്ന് കരുതിയ ഇന്ത്യ പതിനൊന്നാം ഓവറില്‍ 89-3 എന്ന മികച്ച സ്കോറില്‍ നിന്നാണ് 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായത്. ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകള്‍ 30 റണ്‍സിനാണ് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.