വിഴിഞ്ഞം: കൂട്ടുകാരുമൊത്ത് വിഴിഞ്ഞം വലിയ കടപ്പുറത്തെ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. പോൾ ആന്റണിയുടേയും ജോളിയുടേയും മകനായ ഹെനോക്ക് പോളിനെ(16) ആണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ട് 6.30-ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടുത്തുളള വലിയകടപ്പുറത്തെ കടലിലാണ് അപകടം. സമീപത്തെ കടപ്പുറത്തെ കുട്ടികളോടൊത്ത് ഫുട്ബോൾ കളിച്ചശേഷം കടലിലിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.
തുടർന്ന്, പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് കുട്ടികൾ വിവരമറിയിച്ചു. ഇവർ വളളമെടുത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട്, മറൈൻ ആംബുലൻസ് എന്നിവർ സ്ഥലത്തുണ്ട്. മുങ്ങൽ വിദഗ്‌ധർ ഉൾപ്പെട്ട സംഘം കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.