വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്സിനുശേഷം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ മഴ പെയ്തതോടെയാണ് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സാക്കി കുറച്ചത്. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 15-2 എന്ന നിലയിലായിരുന്നു. മികച്ച ഫോമിലുള്ള ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും(12), റീസഹെന്‍ഡ്രിക്കിസിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി സമ്മര്‍ദ്ദത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ മഴക്ക് ശേഷം ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും(18), ട്രൈസ്റ്റന്‍ സ്റ്റബ്സും(27 പന്തില്‍ 29), ഹെന്‍റിച്ച് ക്ലാസനും(10 പന്തില്‍ 22) ചേര്‍ന്ന് അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതി.എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ 77-3 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക പിന്നീട് തകര്‍ന്നടിഞ്ഞതോടെ മഴ ദൈവങ്ങള്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ ചതിക്കുമെന്ന ആശങ്കയിലായി ആരാധകര്‍. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി 110-7ലേക്ക് വീണ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടെങ്കിലും മാര്‍ക്കോ യാന്‍സന്‍റെ(14 പന്തില്‍ 21*) പോരാട്ടവീര്യം അവരെ അപരാജിതരായി സെമിയിലെത്തിച്ചു. അവസാന രണ്ടോവറില്‍ 13 റണ്‍സും അവസാന ഓവറില്‍ അഞ്ച് റണ്‍സുമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.റോസ്റ്റണ്‍ ചേസ് എറിഞ്ഞ പതിനാറാം ഓവറിലെ അവസാന പന്തില്‍ നിര്‍ണായ ബൗണ്ടറി നേടിയ കാഗിസോ റബാഡയും ഒബേദ് മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ യാന്‍സനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യം ബൗണ്ടറി കടത്തി സെമി ടിക്കെറ്റെടുത്തു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അല്‍സാരി ജോസഫും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയോഴ്സിന്‍റെയും(35),റോസ്റ്റണ്‍ ചേസിന്‍റെയും(42 പന്തില്‍ 52) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഷായ് ഹോപ്പ്(0) ഗോള്‍ഡന്‍ ഡക്കായപ്പോള്‍ നിക്കോളാസ് പുരാന്‍(1), ക്യാപ്റ്റന്‍ റൊവ്മാന്‍ പവല്‍(1), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(0), ആന്ദ്രെ റസല്‍(9 പന്തില്‍ 15) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കായി ടബ്രൈസ് ഷംസി 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.