പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

അബുദാബി: പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ന്നതോടെ ഒമ്പത് ദിവസം അവധിക്ക് പോകാനിരിക്കുന്ന പ്രവാസികള്‍ക്ക് ചെലവേറും.

രണ്ടാഴ്ച ആഴ്ച മുന്‍പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്‍വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 35000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ പരിമിത സീറ്റ് മാത്രമേ ഈ നിരക്കില്‍ ലഭിക്കൂ. യാത്ര കണക്ഷന്‍ വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂര്‍ യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താന്‍.ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗൊ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയര്‍ലൈനുകളില്‍ 50,000 രൂപയ്ക്കകത്ത് വണ്‍വേ ടിക്കറ്റ് ലഭിക്കും. എയര്‍ ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്‌സ് എയര്‍ലൈന്‍, ഇത്തിഹാദ് എയര്‍വെയ്‌സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതില്‍ ചില വിദേശ എയര്‍ലൈനുകള്‍ വണ്‍വേയ്ക്ക് 1.5 ലക്ഷം രൂപ വരെ വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നു.


പെരുന്നാള്‍ പ്രമാണിച്ച് ഇന്ത്യയിലേക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. യുഎഇയിലെ പൊതു അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി വിദേശ രാജ്യങ്ങളിലെ വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാന്‍ കാരണമായി. ഈദുല്‍ അദ്ഹ അവധി ജൂണ്‍ 16 ഞായറാഴ്ച ആരംഭിച്ച് ജൂണ്‍ 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂണ്‍ 14 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 22 ശനിയാഴ്ച വരെ അവധി ലഭിക്കും.