രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നർത്തകൻ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.


സത്യഭാമയുടെ പരാമർശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തില്‍ ആർ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദർശനം നടത്താൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.