മെസ്സിപ്പടയ്ക്ക് വിജയത്തുടക്കം; കോപ്പയില്‍ കാനഡയെ വീഴ്ത്തി ചാമ്പ്യന്മാര്‍

അറ്റ്‌ലാന്റ: കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാര്‍ പോരാട്ടം ആരംഭിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല്‍ നീക്കങ്ങളുമായും കളംനിറഞ്ഞു.ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡയ്‌ക്കെതിരെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അര്‍ജന്റീനയെ വിറപ്പിച്ച് തുടക്കം തന്നെ കാനഡ അക്രമണങ്ങള്‍ അഴിച്ചുവിട്ടു. മെസ്സിയുടെയും ഡി മരിയയുടെയും ചെറിയ മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ ആല്‍ബിസെലസ്റ്റുകള്‍ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ അര്‍ജന്റൈന്‍ മുന്നേറ്റങ്ങളെ കൃത്യമായി തടയാനും എതിര്‍ഗോള്‍മുഖത്തേക്ക് മുന്നേറാനും കാനഡയ്ക്ക് കഴിഞ്ഞു. ഡി മരിയയും ജൂലിയന്‍ അല്‍വാരസും മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.രണ്ടാം പകുതിയില്‍ അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചുകളിക്കാന്‍ തുടങ്ങി. ഇതോടെ തുടക്കം തന്നെ നീലപ്പട മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് അര്‍ജന്റീനയുടെ ആദ്യഗോള്‍ നേടിയത്. മാക് അലിസ്റ്റര്‍ നല്‍കിയ പാസിനെ ജൂലിയന്‍ അല്‍വാരസ് പോസ്റ്റിന്റെ വലതുമൂലയിലെത്തിക്കുകയായിരുന്നു.ഗോള്‍ വഴങ്ങിയതോടെ കാനഡയും ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. ഇതിനിടെ മെസ്സിക്ക് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ ഗോളാകാതെ പോയി. ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഷോട്ട് തടുത്തിട്ടും കാനഡ ഗോളി മികച്ചുനിന്നു. ഒടുവില്‍ 88-ാം മിനിറ്റില്‍ അര്‍ജന്റീന സ്‌കോറുയര്‍ത്തി. ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ കാനഡയ്ക്ക് സാധിക്കാതെ പോയതോടെ അര്‍ജന്റീന വിജയം സ്വന്തമാക്കി.