സൗദിയിൽ നിന്ന് സന്തോഷ വാർത്ത! ദയാധനം കൈമാറി, അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു; റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും


ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്‍റെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്


റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി ഒരേ മനസാൽ പ്രാർത്ഥിച്ച മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു എന്നതാണ് സന്തോഷ വാർത്ത. ഇതോടെ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്‍റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്‍റെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദ്ദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി നേരത്തെ അറിയിച്ചിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്.