വാമനപുരം, പുളിമാത്ത് ,കരമന, ശ്രീകാര്യം, പെരുമ്പഴുതൂർ, വിഴിഞ്ഞം, മാറനല്ലൂർ, വെള്ളറട, പേരൂർക്കട, ചെങ്കൽ, മംഗലപുരം, ആര്യനാട്, ബാലരാമപുരം, വട്ടിയൂർക്കാവ്.
ജില്ലയിൽ പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു. ഇതിനോടകം ഒൻപതുപേർ മരിച്ചു. സാധാരണ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ചിക്കൻപോക്‌സും അടക്കമുള്ളവ വ്യാപിക്കുകയാണ്. കൂടാതെ രണ്ടുപേർക്ക് ഷിഗല്ല രോഗവും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസവും ആയിരത്തോളം രോഗികൾ വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ശ്രീകാര്യം മേഖലയിൽ ഡെങ്കിപ്പനി ബാധിച്ച് നിരവധിപേർ ചികിത്സയിലാണ്. വേനൽമഴയും കാലവർഷവും തുടർച്ചയായി എത്തിയതോടെയാണ് പനിബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയത്.
ഈ മാസം ഇതുവരെ 134 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 149 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌വൺ- എൻവൺ, ഷിഗല്ല, ഇൻഫ്ളുവൻസ തുടങ്ങിയവ ബാധിച്ചാണ് ആളുകൾ മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് കൊച്ചുവേളി സ്വദേശിയായ 12 വയസ്സുകാരനാണ് മരിച്ചത്. എലിപ്പനി ബാധിച്ച് അഞ്ചുപേരും എച്ച്‌വൺ-എൻവൺ ബാധിച്ച് രണ്ടുപേരും മരിച്ചു. കരമന, ശ്രീകാര്യം, വാമനപുരം, പെരുമ്പഴുതൂർ, വിഴിഞ്ഞം, മാറനല്ലൂർ, വെള്ളറട, പേരൂർക്കട, ചെങ്കൽ, മംഗലപുരം, ആര്യനാട്, പുളിമാത്ത്, ബാലരാമപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ മാത്രം 26 പേർക്കാണ് അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ 20 പേർക്കും ചാവടിമുക്കിലും മറ്റു സ്ഥലങ്ങളിലുമായി ആറുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.