സൂപ്പര്‍ 8 മത്സരക്രമമായി; ഇന്ത്യയെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികള്‍

ഫ്ളോറിഡ: 2024 ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റിന്‍റെ മത്സരക്രമമായി. ബുധനാഴ്ച തുടക്കമാകുന്ന സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്.ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എയ്റ്റിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബം​ഗ്ലാദേശിനെതിരായ മത്സരം. ജൂൺ 24നാണ് ഓസ്ട്രേലിയക്ക് എതിരെ സൂപ്പർ എട്ടിലെ അവസാന മത്സരം. ജൂൺ 27നാണ് സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുക. ലോകകപ്പിലെ കലാശപ്പോര് ജൂൺ 29ന് ബാർബഡോസിലും നടക്കും.ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന ബംഗ്ലാദേശ്‌-നേപ്പാള്‍ മത്സരത്തോടെയാണ് സൂപ്പര്‍ 8 മത്സരങ്ങളുടെ വ്യക്തമായ ചിത്രം തെളിഞ്ഞത്. നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് ടിക്കറ്റെടുക്കുന്ന അവസാനത്തെ ടീമായി. ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), ഇംഗ്ലണ്ട് (ഗ്രൂപ്പ് എ), അഫ്ഗാനിസ്ഥാന്‍ (ഗ്രൂപ്പ് സി), വെസ്റ്റ് ഇന്‍ഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി) എന്നിവരാണ് ബംഗ്ലാദേശിന് യോഗ്യത നേടിയ ടീമുകള്‍.രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ എയ്റ്റിലുള്ളത്. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും. ട്വന്റി-20 റാങ്കിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ എട്ട് ഘട്ടം നിശ്ചയിച്ചത്.. ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ഒന്നിൽ വരേണ്ടിയിരുന്നത്.. അവിടെ ന്യൂസിലൻഡിനും ശ്രീലങ്കയ്ക്കും പകരം എത്തിയത് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും. ഇംഗ്ലണ്ട്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് രണ്ടാം ഗ്രൂപ്പിൽ‌ വരേണ്ടിയിരുന്നത്. എന്നാൽ‌ പാകിസ്താൻ പുറത്തായപ്പോൾ പകരം അമേരിക്കയെത്തി.