കൊല്ലം: എഴുപത്തഞ്ചിന്റെ പക്വതയും പ്രൗഢിയുമായി കൊല്ലം അതിന്റെ ആഘോഷങ്ങളിലേക്ക് കടക്കുന്നു. പൗരാണിക നഗരമായ കൊല്ലം കാലത്തിന്റെ മാറ്റവുമായി ആധുനിക നഗരത്തിലേക്കുള്ള കുതിപ്പിലായിരിക്കുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷം കടന്നുവരുന്നത്. തിരു-കൊച്ചി സംസ്ഥാനമായിരിക്കെ 1949 ജൂലൈ ഒന്നിന് രൂപംകൊണ്ട ജില്ലയുടെ ആഘോഷത്തിന് സർക്കാരും വിവിധ സംഘടനകളും തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ഉൾപ്പെടുത്തിയായിരുന്നു ജില്ല രൂപീകരണം.
1956 നവംബർ ഒന്നിന് പുതിയതായി രൂപീകരിച്ച കേരള സംസ്ഥാനത്തെ 14 ജില്ലയിൽ ആദ്യം രൂപീകൃതമായ നാലു ജില്ലയിൽ ഒന്നാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തമിഴ്നാട് തെങ്കാശി ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിരുപങ്കിടുന്ന കൊല്ലത്തിന് സംസ്ഥാനത്തെ വലിയ നാലാമത്തെ നഗരമെന്ന പേരും സ്വന്തം.
ഇന്ന് തമിഴ്നാടിനൊപ്പമുള്ള അതിർത്തി പ്രദേശമായ ചെങ്കോട്ട ജില്ല രൂപീകരണകാലത്ത് കൊല്ലത്തിന്റെ ഭാഗമായിരുന്നു. കേരളം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിച്ചേർത്തു.
തിരുവല്ലയുടെ ഒരുഭാഗം ചെങ്ങന്നൂർ താലൂക്കായി. പത്തനംതിട്ട, റാന്നിയുടെ ഒരുഭാഗം വനഭൂമി, പീരുമേട് താലൂക്കിനോടു ചേർക്കുകയും ചെയ്തു. 1957ൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ചേർത്ത് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1982ൽ പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.
വികസനക്കുതിപ്പിൽ
ലോകത്തെ തന്നെ മികച്ച നഗരമായി മാറാനുള്ള തയാറെടുപ്പിലാണ് കൊല്ലം. സുരക്ഷാസൗകര്യമുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇതിനകം ഇടം നേടിയ തുറമുഖം, എയർപോർട്ടിലേതുപോലുള്ള സംവിധാനങ്ങളുമായി മുഖം മാറുന്ന റെയിൽവേ സ്റ്റേഷൻ, നിരവധിയായ പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട് ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റി, ശ്രീനാരായണ സാംസ്കാരിക സമുച്ചയം.
കായികമേഖലയ്ക്ക് പ്രതീക്ഷയേറ്റി ഒളിമ്പ്യൻ സുരേഷ്ബാബു ഇൻഡോർ സ്റ്റേഡിയം, നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആറുവരിപ്പാതയിലേക്ക് മുന്നേറുന്ന ദേശീയപാത 66, കുളക്കട അസാപ്പ് ഐ.ടി പാർക്ക്, മീൻപിടിപാറ ഉൾപ്പെടുന്ന ജൈവവൈവിധ്യ ടൂറിസം പദ്ധതി, തങ്കശ്ശേരി ബ്രേക്ക്വാട്ടർ ടൂറിസം, കെ.എം.എം.എൽ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, മികച്ച ജില്ല ആശുപത്രി.
കൊല്ലം മെഡിക്കൽ കോളേജ്, ആതുരസേവനരംഗത്തെ സഹകരണ മാതൃകയായി എൻ. എസ് ആശുപത്രി, പുതിയ കവാടങ്ങൾ തുറന്നിട്ട് മലയോര ഹൈവേ ഉൾപ്പെടെ അടിസ്ഥാന വികസന സൗകര്യത്തിൽ നേടിയ മുന്നേറ്റം, ജഡായുപാറയും പാലരുവിയും അടക്കമുള്ള വിനോദ സഞ്ചാരമേഖലകൾ എന്നിവ കൊല്ലം ജില്ലയുടെ സുവർണ മുഖമാണ്.
മത്സ്യസമ്പന്നം, ധാതു സമ്പുഷ്ടം
37.8 കിലോമീറ്റര്‍ തീരപ്രദേശവും 27 സമുദ്ര മത്സ്യ ബന്ധന വില്ലേജുകളും 26 ഉള്‍നാടന്‍ മത്സ്യബന്ധന വില്ലേജുകളും ഉള്‍പ്പെട്ടതാണ് കൊല്ലം ജില്ല. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം ജില്ലക്കാണ്.ധാതു ലവണങ്ങളാലും സമ്പുഷ്ടമായ ജില്ലയില്‍, കടലോരമണ്ണ്, ഇല്‍മനൈറ്റ്, ബോക്സൈറ്റ്, മോണോസൈറ്റ് എന്നീ ധാതുക്കളുടെ ശേഖരമാണ് പ്രധാനമായുള്ളത്. അഷ്ടമുടികായലിന്റെ തീരങ്ങളില്‍ ചുണ്ണാമ്പ് കല്ല് നിക്ഷേപവുമുണ്ട്.
കശുവണ്ടി വ്യവസായത്തിനും പ്രസിദ്ധമാണ് കൊല്ലം. കുറെ നാമാവശേഷമായെങ്കിലും ഇന്നും കൂടുതൽ കശുവണ്ടി സംസ്കരണ ശാലകൾ ജില്ലയിലുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള കശുവണ്ടി വികസന കോര്‍പറേഷന്റെ ആസ്ഥാനം ജില്ലയാണ്. ഈ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ കാപെക്സ് സഹകരണ മേഖലയുടെ ഭാഗമാണ്. ജില്ലയില്‍ ഇപ്പോൾ 151 കശുവണ്ടി ഫാക്ടറികള്‍ ഉണ്ട്.
ചരിത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കടൽ തുറമുഖ പട്ടണങ്ങളിലൊന്നായ കൊല്ലം ഫീനീഷ്യരുടെയും റോമാക്കാരുടെയും കാലം മുതൽ വാണിജ്യ പ്രശസ്തി നേടിയിരുന്നു. ദേശിംഗനാട് രാജാവിന്റെ ഭരണകാലത്ത് കൊല്ലത്ത് ചൈനീസ് കുടിയേറ്റം നടന്നു. 1502 ൽ പോര്‍ച്ചുഗീസുകാരാണ് ആദ്യമായി കൊല്ലത്ത് ഒരു വ്യാപാര കേന്ദ്രം സ്ഥാപിച്ചത്. തുടര്‍ന്ന് 1661 ൽ ഡച്ചുകാരും 1795 ൽ ബ്രിട്ടീഷുകാരും ഇവിടം കേന്ദ്രമാക്കി.
ആഘോഷം ജൂലൈ ഒന്നുമുതൽ
കൊല്ലം: ജില്ല 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവൻ സ്മാരക ടൗൺഹാളിൽ വൈകീട്ട് നാലിന് തിരിതെളിയും. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളിൽ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. താൽകാലിക സംഘാടകസമിതി രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എം. മുകേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, കലക്ടർ എൻ. ദേവിദാസ്, സിറ്റി പൊലിസ് കമീഷണർ വിവേക് കുമാർ, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, റൂറൽ എസ്.പി സാബു മാത്യു, എന്നിവർ പങ്കെടുത്തു.
താൽകാലിക കമ്മിറ്റി മുഖ്യ രക്ഷാധികാരികൾ: മന്ത്രിമാരായ ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ. വൈസ് ചെയർപേഴ്സനായി മേയർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും കൺവീനറായി കലക്ടർ, ജോയിന്റ് കൺവീനർ ആയി ജില്ല ഇൻഫർമേഷൻ ഓഫിസറുമാണ് പ്രവർത്തിക്കുക.