ചെന്നൈ: തമിഴകത്തിന്‍റെ ദളപതി വിജയ് ഇന്ന് അമ്പതാം ജന്‍മദിനം ആഘോഷിക്കുകയാണ്. ബാല നടനായി കരിയര്‍ ആരംഭിച്ച വിജയ് ഇതിനകം തമിഴകത്തെ ഏറ്റവും വിലയേറിയ താരമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം ദ ഗോട്ടിന് വിജയ് വാങ്ങുന്ന പ്രതിഫലം ഇതിനകം തന്നെ ചര്‍ച്ചയായിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പുലി എന്ന 2015ലെ ചിത്രത്തിന് ശേഷം ബോക്സോഫീസില്‍ പരാജയം അറിയാത്ത താരമാണ് വിജയ്. ആവറേജ് റിപ്പോര്‍ട്ടാണെങ്കില്‍ പോലും വിജയിയുടെ ചിത്രങ്ങള്‍ മികച്ച രീതിയില്‍ പണം വാരും. സമീപകാലത്തെ ലിയോ അടക്കം ഉദാഹരണം. ദ ഗോട്ടില്‍ വിജയ് 200 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് വിവരം. അതേ സമയം വിജയ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസാന ചിത്രം ദളപതി 69ന് ഈ തുക 250 കോടിയായി ഉയര്‍ന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.എന്നാല്‍ ഇപ്പോള്‍ 250 കോടി ഒരു ചിത്രത്തിന് പ്രതിഫലം ലഭിക്കുന്ന വിജയിക്ക് ആദ്യമായി ലഭിച്ച ശമ്പളം എത്രയാണ് എന്ന് അറിഞ്ഞാല്‍ ശരിക്കും അത്ഭുതപ്പെടും. വിജയിയുടെ ആദ്യ ചിത്രമാണ് 1984-ൽ പുറത്തിറങ്ങിയ "വെട്രി".ഈ തമിഴ് സിനിമയില്‍ ബാലതാരമായാണ് വിജയി ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.500 രൂപയായിരുന്നു അന്ന് ഈ വേഷത്തിന് വിജയിക്ക് പ്രതിഫലമായി ലഭിച്ചത്. വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖറാണ് ഇത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 1992 ലാണ് വിജയ് നായകനായി അരങ്ങേറിയത് നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലായിരുന്നു അത്. അതേ സമയം വിജയിയുടെ മൊത്തം സ്വത്തുക്കളുടെ മൂല്യം 474 കോടി വരുമെന്നാണ് ഫോര്‍ബ്സിന്‍റെ കണക്കുകള്‍ പറയുന്നത്.