*നീറ്റിൽ ​ഗ്രേസ്മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ്; പരീക്ഷ 23 ന്*

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കും. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീംകോടതി അംഗീകരിച്ചു. 23ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീംകോടതി അനുവാദം നൽകി. അതേസമയം, കൗൺസിലിംഗ് നടപടികൾ തടയാനാകില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് ഈക്കാര്യം പരിശോധിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത്. ഒന്നാം റാങ്ക് ലഭിച്ച 47 പേർ ഉൾപ്പെടെ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം എൻടിഎ റദ്ദാക്കും. ഇവർക്കായി 23ന് വീണ്ടും പരീക്ഷ നടത്തും. ജൂലൈ ആറിന് നടക്കുന്ന കൗൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ 30ന് ഫലം പ്രഖ്യാപിക്കുമെന്നും എൻടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.