കോഴിക്കോട്: കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.കേരളത്തിൽ മാസപ്പിറവി കണ്ട വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജൂണ്‍ എട്ട് ശനിയാഴ്ച ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്നും സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.