വീണ്ടും കരുത്ത് കാണിച്ച് പേസര്‍മാര്‍! അര്‍ഷ്ദീപിന് നാല് വിക്കറ്റ്; യുഎസിനെ 110ന് എറിഞ്ഞിട്ട് ഇന്ത്യ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരെ ഇന്ത്യക്ക് 111 റണ്‍സ് വിജയലക്ഷ്യം. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസിനെ നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റുകള്‍ യുഎസിന് നഷ്ടമായി. നേരത്തെ, ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പുറത്തിരുന്നു.മോശമായിരുന്നു യുഎസിന്റെ തുടക്കം. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നേടി അര്‍ഷ്ദീപ് സിംഗ് യുഎസിനെ പ്രതിരോധത്തിലാക്കി. ഷയാന്‍ ജഹാഗീര്‍ (0), ആന്‍ഡ്രീസ് ഗൗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവറില്‍ അര്‍ഷ്ദീപ് നേടിയത്. നാലാമനായി എത്തിയ ആരോണ്‍ ജോണ്‍സിനെ (11) ഹാര്‍ദിക് പാണ്ഡ്യയും മടക്കി. ചെറുത്ത് നിന്ന് സ്റ്റീവന്‍ ടെയ്‌ലറെ (24) അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കിയതോടെ യുഎസ് നാലിന് 56 എന്ന നിലയിലായി. പിന്നീട് നിതീഷ് - കോറി ആന്‍ഡേഴ്‌സണ്‍ (14) സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയത് അല്‍പം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹര്‍മീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം. ഷാഡ്‌ലി വാന്‍ ഷാക്‌വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിംഗ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

യുഎസ്: സ്റ്റീവന്‍ ടെയ്ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്സണ്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്‍.