മഴ വീണ്ടും കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്,11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.ഇടിമിന്നൽ മുൻകരുതൽ വേണം

ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യന്റേയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങള്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ പാലിക്കണം. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണമെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയില്‍ നിര്‍ദേശിച്ചു.