തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വെയിലൂർ ഇന്ന് മതസാഹോദര്യത്തിൻ്റെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി ഉയർന്നു നിൽക്കുകയാണ്.
വെയിലൂർ കരിക്കകത്തിൽ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്ര പുനുരുദ്ധാരണത്തിന് ഏറ്റവും വലിയ സംഭാവന നൽകി രംഗത്തെത്തിയിരിക്കുന്നത് വെയിലൂർ പുത്തൻപള്ളി മുസ്ലീം ജമാഅത്താണ്. ക്ഷേത്ര പുനർ നിർമ്മിതിക്കായി ഒരുലക്ഷം രൂപയാണ് പള്ളി സംഭാവന നൽകിയത്.
ചിലർക്കെങ്കിലും ഈ സംഭവം കേൾക്കുമ്പോൾ ഒരുപക്ഷേ അത്ഭുതം തോന്നാം. മതവൈരത്തിൻ്റെ ഇക്കാലത്ത് ഇത്തരത്തിലും നാടുണ്ടോ എന്ന് അമ്പരന്നേക്കാം. എന്നാൽ ഈ നാട്ടുകാരെ സംബന്ധിച്ച് ഇതൊന്നും അത്ര അത്ഭുതപ്പെടുത്തുന്ന ഒരു സംഗതിയല്ല. കാലങ്ങൾക്കു മുൻപേ തന്നെ ഈ നാട്ടുകാരുടെ രക്തത്തിൽ മതസൗഹാർദം അലിഞ്ഞു ചേർന്നു കഴിഞ്ഞിരിക്കുന്നു.
എട്ടുവർഷം മുൻപ് ഒരു പ്രതിസന്ധി ഘട്ടത്തിൽ പള്ളി ജമാഅത്തിന് സാമ്പത്തികമായി സഹായം നൽകി രംഗത്ത് എത്തിയത് ക്ഷേത്ര ഭരണസമിതിയായിരുന്നു. പള്ളിയും പള്ളിവിശ്വാസികളും ആ സഹായം ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ചു വച്ചു. സമയമെത്തിയപ്പോൾ ആ സഹായം ഇരട്ടിയായി തിരിച്ചു നൽകാനും അവർ തയ്യാറായി. ഇന്നത്തെ സാഹചര്യത്തിൽ ഈ നാടിനു വേണ്ടി മാത്രമല്ല ലോകത്തിനു വേണ്ടിയും ഒരു വലിയ മാതൃക കാട്ടി കൊടുക്കാനാണ് പള്ളിയും ക്ഷേത്രവും ശ്രമിച്ചിരിക്കുന്നത്.
ഇനിവരുന്ന തലമുറകൾക്ക് ഇക്കാര്യങ്ങൾ എന്നും ഓർമ്മയിൽ വേണമെന്ന നിർബന്ധ ബുദ്ധിയും അവർക്കുണ്ട്. മതത്തിനും ദൈവത്തിനും അപ്പുറമാണ് മനുഷ്യത്വം എന്ന ചിന്ത ഓരോ വ്യക്തിക്കും ഉണ്ടാകണമെന്ന തിരിച്ചറിവോടെയാണ് ഈ നാട്ടുകാരുടെ ഓരോ പ്രവർത്തിയുമെന്ന് നിസ്സംശയം പറയാം.
എട്ടുവർഷം മുൻപ് പള്ളിക്ക് ഖബർസ്ഥാൻ ഇല്ല എന്ന ഒരു പ്രതിസന്ധി നിലനിന്നിരുന്നു. ആ സമയത്ത് പള്ളിയോട് ചേർന്ന് ഹോളിക്രോസ് എന്നൊരു ആശുപത്രി ഉണ്ടായിരുന്നു. ഈ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അധികൃതർ പോയ സമയത്ത് പ്രസ്തുത സ്ഥലം വാങ്ങിയെടുക്കണം എന്ന ചിന്തയോടെ പള്ളിക്കമ്മിറ്റി പിരിവിനിറങ്ങി. പള്ളിക്കമ്മിറ്റിയുടെ സാമ്പത്തികമായ പ്രതിസന്ധി മുന്നിൽക്കണ്ടുകൊണ്ട് അന്ന് കരിക്കകത്തിൽ ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. അന്ന് സ്ഥലം വാങ്ങുവാൻ വേണ്ടി അര ലക്ഷം രൂപയാണ് ക്ഷേത്രം പള്ളിക്കു നൽകി സഹായിച്ചത്
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന പ്രദീപ്കുമാർ ആണ് അന്ന് പള്ളിയെ സാമ്പത്തികമായി സഹായിക്കാൻ മുൻപന്തിയിൽ നിന്നത്.
അന്ന് ക്ഷേത്രം നൽകി സഹായിച്ച തുകയുടെ മൂല്യം ഇന്ന് നോക്കുകയാണെങ്കിൽ വളരെ വലുതായിരിക്കുമെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹിയായ ഷാജിഖാൻ ഇന്ത്യാടുഡേയോട് പറഞ്ഞു. അന്ന് അത്രത്തോളം വലിയൊരു തുക കയ്യിൽ കിട്ടിയത് കൊണ്ട് പള്ളിയുടെ കാര്യങ്ങൾ പ്രശ്നങ്ങൾ ഇല്ലാതെ നടന്നുപോയി.
ഉചിതമായ സമയത്ത് ക്ഷേത്രത്തിന് സഹായം തിരിച്ചു നൽകണമെന്ന ചിന്ത അന്ന് മുതൽ പള്ളിക്കമ്മറ്റിക്ക് ഉണ്ടായിരുന്നു. അതിനുള്ള അവസരം വന്നത് ഇപ്പോഴും. ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടി സാമ്പത്തികം സമാഹരിക്കാൻ ഇറങ്ങിയ ക്ഷേത്ര ഭാരവാഹികളെ അമ്പരപ്പെടുത്തിക്കൊണ്ട് ജമാഅത്ത് ഒരു ലക്ഷം രൂപ സംഭാവന നൽകുകയായിരുന്നു. ഇതൊരു സാധാരണ പ്രക്രിയയായി കണ്ടാൽ മതിയെന്ന പള്ളി കമ്മിറ്റിയുടെ അഭ്യർത്ഥന തള്ളി ഈ സംഭവം ലോകമറിയണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചത് ക്ഷേത്ര ഭാരവാഹികൾ തന്നെയാണ്.
പള്ളിയും, ക്ഷേത്രവും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരിടം കൂടിയാണ് വെയിലൂർ. മതപരവും അല്ലാത്തതുമായ ഏതൊരു കാര്യത്തിനും പള്ളി- ക്ഷേത്ര സഹകരണമുണ്ടാകും. തൻ്റെ അമ്മ മരണപ്പെട്ട സമയത്തെ ഒരു സംഭവം കൂടി ഷാജിഖാൻ ഓർത്തെടുക്കുന്നുണ്ട്. മരണ ദിവസം ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. മയ്യത്ത് ഖബറിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ക്ഷേത്രത്തിലെ മെെക്ക് സെറ്റുകൾ ഓഫാക്കി മയ്യത്തിന് ആദരമർപ്പിച്ചവരാണ് ക്ഷേത്ര കമ്മിറ്റിക്കാരെന്നും ഷാജിഖാൻ വ്യക്തമാക്കി. അതുപോലെ തന്നെ ഇത്രയും കാലമായിട്ടും മതത്തിൻ്റെ പേരിൽ നാട്ടിൽ ഒരു സംഘർഷവുമുണ്ടായിട്ടില്ലെന്ന് ക്ഷേത്രഭാരവാഹിയായ എൻ രാജൻനായർ പറഞ്ഞു.
രാഷ്ട്രീയപരവും, മറ്റു കാര്യങ്ങളിലുമൊക്കെ ചിലപ്പോൾ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടെ മതത്തിൻ്റെ പേരിൽ അത്തരം ഒരു തർക്കവുമുണ്ടായിട്ടില്ലെന്നും രാജൻ നായർ പറഞ്ഞു.
അന്ന് പള്ളിക്ക് പണത്തിന് ആവശ്യം വന്നപ്പോൾ ക്ഷേത്രം അങ്ങോട്ടു ചെന്ന് ഞങ്ങൾ കുറച്ചു പണം തന്നാൽ അത് വാങ്ങുമോ എന്നു ചോദിക്കുകയായിരുന്നു. സന്തോഷത്തോടു കൂടിതന്നെ പള്ളി അത് വാങ്ങി.
അതുപോലെ ഇന്ന് ക്ഷേത്രത്തിന് പണത്തിന് ആവശ്യം വന്നപ്പോൾ പള്ളി കമ്മിറ്റി ഞങ്ങളോട് ആ ചോദ്യം തന്നെ തിരിച്ചു ചോദിച്ചു. ഞങ്ങൾ കുറച്ചു പണം തന്നാൽ അത് വാങ്ങുമോ എന്ന്. സന്തോഷത്തോടെ, പൂർണ്ണമനസ്സാലെ ഞങ്ങൾ അതിനു സമ്മതിക്കുകയായിരുന്നു എന്നും രാജൻനായർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി എൻ തങ്കപ്പൻനായർക്ക് ജമാഅത്ത് പ്രസിഡൻ്റ് എകെ ഷാനവാസ് പണം കൈമാറി.