പുനലൂർ:ആര്യങ്കാവിൽ കാട്ടാനയുടെ ശല്യം ഒഴിവാക്കാൻ വനപാലകർക്ക് തോക്കും സൗണ്ട് സിസ്റ്റവും എത്തിച്ചു. ആനയുടെ ശല്യം രൂക്ഷമായതോടെ ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടംമേഖലയിൽ ഉൾപ്പെടെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഒറ്റക്കും കൂട്ടായും കൃഷിയിടത്തിൽ ഇറങ്ങുന്ന ആന വലിയ നാശമാണ് ഓരോ ദിവസവും വരുത്തുന്നത്. കൃഷിനാശം വരുത്തുന്ന ആനകളെ പൊതുജനങ്ങൾ ബഹളം ഉണ്ടാക്കിയും പടക്കംപൊട്ടിച്ചും കാടുകയറ്റുകയാണ് പതിവ്. വിവരം അറിെഞ്ഞത്തുന്ന വനപാലകർക്ക് ആനകളെ തുരത്താനുള്ള ആയുധം ഇല്ലാത്തത് പലപ്പോഴും ബുദ്ധിമുട്ടിച്ചിരുന്നു.
പ്രശ്നം പരിഹാരത്തിനായി രണ്ട് തോക്കും സൗണ്ട് സിസ്റ്റവും റേഞ്ചിൽ എത്തിച്ചു. ആനക്ക് ഭയമുള്ള കടവയുടെ അലറലും തേനീച്ചയുടെ മുരൾച്ചയുമാണ് സൗണ്ട് സിസ്റ്റത്തിലുള്ളത്. ഇതു കേൾക്കുമ്പോൾ 400 മീറ്റർ വരെ ആനകൾ കാടിനുള്ളിലേക്ക് കടക്കുമെന്നാണ് വനപാലകർ പറയുന്നത്. അടിയന്തരഘട്ടങ്ങളിലാണ് ബോർ പമ്പ് ആക്ഷൻ തോക്ക് ഉപയോഗിക്കുന്നത്. ആകാശത്തേക്ക് വെടിവെക്കുമ്പോൾ ഉണ്ടാകുന്ന ഭയങ്കര ശബ്ദം കേട്ട് ആനകൾ ഭയന്ന് കാടുകയറും. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് തോക്കും സൗണ്ട് സിസ്റ്റവും കൈകാര്യം ചെയ്യുന്നത്.