നിയമവിരുദ്ധമായ ലോട്ടറി; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

തിരുവനന്തപുരം: നിയമവിരുദ്ധമായി ലോട്ടറി വിൽപനയെന്ന കുറ്റം ചുമത്തി വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിൽ മേപ്പാടി പോലീസാണ് കേസെടുത്തത്.

ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പൺ വിതരണം ചെയ്തതിനാണ് കേസ്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോചെയുടെ ഓൺലൈൻ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിൽ ലോട്ടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്.

ചായപ്പൊടി വിൽപ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വിൽക്കുന്നു എന്നാണ് എഫ്ഐആറിലുള്ളത്. ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നുണ്ടെന്നും ഇത് സർക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്ഐആറിലുണ്ട്.

എന്നാൽ തന്റെ കമ്പനി സെയിൽസ് പ്രൊമോഷനെന്ന നിലയിൽ മാത്രമാണ് സമ്മാനക്കൂപ്പൺ നൽകുന്നതെന്നാണ് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്.