പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് മൃഗാശുപത്രിയിൽ എത്തിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ ഉടമ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്.തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു.കുത്തിവെപ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.