കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലന്‍സാണ് കത്തിയത്.
പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.