പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി

126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. ബം​ഗളൂരു, ഹൊസൂർ ഭാ​ഗങ്ങളിൽ നിന്നാണ് മേളയിലേക്കുള്ള കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്.ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്. ​ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക.