വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ കണ്ണിൽ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു

തിരുവനന്തപുരം: വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ കണ്ണിൽ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയിൽ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു. 

വീടിന് പുറത്തുള്ള ശുചിമുറിയിലേത്ത് പോകാനിറങ്ങിയ 60 കാരിയെയാണ് പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ വാതിൽ പുറത്തുനിന്നും കൊളുത്തിട്ടശേഷമായിരുന്നു മോഷണം. മോഷ്ടാവ് വൃദ്ധയുടെ കണ്ണിൽ മുളക് പൊടി വിതറിയതോടെ ഓമന നിലവിളിച്ചങ്കിലും വാതിൽ കൊളുത്ത് ഇട്ടിരുന്നതിനാൽ വീട്ടുകാർക്ക് പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. സംഭവത്തിൽ വർക്കല പൊലീസ് കേസ് എടുത്തു. 


നല്ല ഉയരമുള്ള ആളാണ് മോഷ്ടാവെന്നാണ് വീട്ടുകാർ പരാതിയിൽ പറയുന്നത്. ചുറ്റുമതിൽ ഇല്ലാത്ത വീടായതിനാൽ മോഷ്ടാവിന് പെട്ടെന്ന് രക്ഷപെടാൻ കഴിഞ്ഞു . ബഹളം കേട്ട് പരിസരവാസികൾ ഉണർന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.