എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാ സാമാജികനാണ് വി ഡി സതീശന്‍. നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി.2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി.
2006-11 കാലത്ത് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് വി.ഡി സതീശനാണ്. ഇതര സംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി തുടരെ രാഷ്ട്രീയ സംവാദങ്ങള്‍ നടത്തി. എഐസിസി സെക്രട്ടറി പദവിയും കെപിസിസി വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.