ആറ്റിങ്ങൽ : ദേശീയപാതയിൽ കച്ചേരിനട മുതൽ മാമം വരെ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നഗരസഭ നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നീക്കം ചെയ്തു.
കാൽനട യാത്രക്കാർക്കുൾപ്പടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ, നഗരസഭ സ്ഥാപിച്ച വഴിവിളക്കു തൂണുകൾ, പുറമ്പോക്ക് ഭൂമിയിൽ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങൾ, സുരക്ഷാ വേലികൾ എന്നിവ കയ്യേറിയായിരുന്നു ബോഡുകൾ സ്ഥാപിച്ചിരുന്നത്.
സ്വകാര്യ ട്യൂഷൻ സെൻ്റെറുകൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ, ഹോം അപ്ലൈയൻസ് സെൻ്റെറുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അറുപതോളം ബോഡുകളാണ് അധികൃതർ നീക്കം ചെയ്തത്.
നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഒട്ടുമിക്ക ദിശാസൂചികാ ഫലകങ്ങളും മറയത്തക്കവിധമായിരുന്നു പരസ്യ ബോഡുകൾ സ്ഥിതി ചെയ്തിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നീയമനടപടി സ്വീകരിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധന ശക്തമാക്കുമെന്നും സെക്രട്ടറി കെഎസ്.അരുൺ അറിയിച്ചു.
റവന്യു ഇൻസ്പെക്ടർ ബൈജു, ബിൽഡിംഗ് ഇൻസ്പെക്ടർ വിജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ജീവനക്കാരായ അജി, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.