സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി; ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല

പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക.കനത്ത മഴ പ്രതീക്ഷിക്കുന്ന ജൂൺ മാസത്തിൽ ഏഴ് വാരാന്ത്യ അവധികൾ ബാങ്കുൾക്കുണ്ട്. അഞ്ച് ഞായറാഴ്ചകളാണ് അവധിയിൽ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടിയാകുമ്പോൾ അവധി ഏഴാകും. ജൂൺ 2, 9, 16, 23, 30 തീയ്യതികളാണ് ഞായർ അവധി ലഭിക്കുക. ജൂൺ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ. ഈ ദിവസങ്ങളും പൊതു അവധിയാണ്.ഇതോടൊപ്പം കേരളത്തിൽ ജൂൺ 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂൺ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകൾ ജൂൺ 18 ന് മാത്രമേ വീണ്ടും തുറക്കൂ. എന്നാൽ ഓൺലൈൻ, എടിഎം, യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങൾക്ക് അവധി ദിവസങ്ങളിൽ തടസമുണ്ടാകില്ല. ബാങ്കിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് മാത്രമാണ് അവധി ബാധകമാവുക.