പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴമുന്നറിയിപ്പുകളില്ല.

തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ബുധാഴ്ചയോടെ ബംഗാള്‍ ഉതകടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും പിന്നീടത് അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യത ഉണ്ട്. കേരളതീരത്ത് ഇന്ന് രാത്രിവരെ ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും മത്സ്യബന്ധന വള്ളങ്ങള്‍ കെട്ടിയിട്ട് സൂക്ഷിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ മോശംകാലാവസ്ഥ തുടരുന്നതിനാല്‍ കടലില്‍ പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.