പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആയവ താഴെ കൊടുക്കുന്നു.
1. അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽവൈദ്യസഹായവും തേടേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കേണ്ടതുമാണ്.
2. സ്വന്തം വാഹനത്തിന്റെയും മറ്റു വാഹനത്തിന്റെയും രജിസ്റ്റർ നമ്പർ അടക്കമുള്ള ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തേണ്ടതും ഇങ്ങനെ ചിത്രങ്ങൾ പകർത്തുന്നത് മറ്റു വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസ്സപ്പെടുത്താൻ പാടില്ലാത്തതും ആകുന്നു.
3 . സാധ്യമെങ്കിൽ എത്രയും പെട്ടെന്ന് വാഹനങ്ങൾ മാർഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയിൽ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. മാറ്റിയിടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വാഹനത്തിൻ്റെ സമീപത്ത് വാണിംഗ് ട്രയാങ്കിൾ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതുമാണ്.
4. ഡ്രൈവർമാർ പേര്, ഫോൺനമ്പർ, മേൽവിലാസം, രജിസ്ട്രേഷൻ ,ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറേണ്ടതുമാണ്.
5 .അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവറും പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പരസ്പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്നതിൽ നിന്ന് സ്വയം വിട്ടു നിൽക്കേണ്ടതാണ്.
6. ഒരു സൗഹൃദ രീതിയിലുള്ള ഒത്തുതീർപ്പത്തിന് സാധിക്കുന്നില്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നത് വരെ ഡ്രൈവർ സംഭവ സ്ഥലത്ത് തുടരേണ്ടതാണ്.
സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ !!!