മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..’കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.