തിരുവനന്തപുരം: കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എം എം ഹസ്സന്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനമാണ് ഇപ്പോള്‍ കെ സുധാകരന്‍ റദ്ദാക്കിയത്. ലത്തീഫിനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് സുധാകരന്‍പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു.ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ എം എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനായി വീണ്ടും ചുമതലയേറ്റ ശേഷം എം എം ഹസ്സന്‍ എടുത്ത തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി സുധാകരന്‍ റദ്ദാക്കിയത്.