*ആറ്റിങ്ങൽ നഗരത്തിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു*

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വെള്ളക്കെട്ടിൽ കൊതുക് മുട്ടയിട്ടു പെരുകി ഉണ്ടാവുന്ന മലേരിയ, ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവയും എലിപ്പനി പോലുള്ള മറ്റ് സാംക്രമിക രോഗങ്ങളും പ്രതിരോധിക്കാൻ വേണ്ടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ സംഘടിപ്പിച്ചത്. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ശുചീകരണ യജ്ഞത്തിൽ പൊതുയിടങ്ങൾ, മാർക്കറ്റുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ ബസ് സ്റ്റാൻഡുകൾ എന്നിവ വൃത്തിയാക്കും. കൂടാതെ നഗരപരിധിയിലെ എല്ലാ വീടുകളുടെയും പരിസരങ്ങൾ നിരീക്ഷിക്കാൻ ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക സംഘങ്ങളെത്തുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ രമ്യാസുധീർ, എ.നജാം, കൗൺസിലർമാരായ ആർ.എസ്.അനൂപ്, ലൈലാബീവി, എം.താഹിർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.