തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ വീട്ടിൽ ബിനു എന്ന 'തത്ത ബിനു' (45)വിനെ ആണ് വിലപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വച്ച് ഇന്നലെ രാത്രി 8.30ന് ആണ് ആക്രമണം നടന്നത്.

ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട ബിനുവിനെ വിളപ്പിൽശാല പൊലീസ് ഇൻസ്‌പെക്ടർ രാജേഷിന്‍റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ബിനു എട്ടോളം കേസിസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ആഴ്ച മുമ്പ് ആണ് ഇയാൾ മോഷണ കുറ്റത്തിന് ജയിലിൽ നിന്നും ഇറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും രണ്ട് പേർക്ക് വെട്ടേറ്റിരുന്നു. അച്ഛനും മകനുമാണ് വെട്ടേറ്റത്. മുണ്ടുപാലം മാർച്ചാൽ വളയം പറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ ( 26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി വീടിന്‍റെ വാതിലിൽ മുട്ടുന്നത് കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. ബുള്ളറ്റിൽ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗസംഘം വെട്ടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. കൈകൾക്കും കഴുത്തിനും തലക്കുമാണ് പരിക്ക്. ആക്രമണത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.