പയ്യോളി: പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ ഒമ്പത് എ പ്ലസ്സ്. പയ്യോളിയിൽ പിതാവ് കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോൾ കിട്ടിയത്. പരീക്ഷ അവസാനിച്ചതിൻ്റെ പിറ്റേന്നായിരുന്നു ഗോപികയെയും അനുജത്തി ജ്യോതികയെയും പിതാവ് സുമേഷ് കൊലപ്പെടുത്തിയത്.
അയനിക്കാട് കുറ്റിയിൽ പീടികയ്ക്കു സമീപം പുതിയോട്ടിൽ വള്ളിൽ ലക്ഷ്‌മി നിലയത്തിൽ സുമേഷിന്റെ മകളാണ് ഗോപിക. അമ്മ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. പഠിക്കാൻ മിടുക്കികളായിരുന്ന രണ്ടിനെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് തീവണ്ടിക്ക് മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരുമാസം മുമ്പായിരുന്നു ഈ ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്.
പഠനത്തിൽ എന്നപോലെ തന്നെ പാടാനും മിടുക്കിയായിരുന്നു ഗോപിക. ഗോപികയുടെ ഉയർന്ന വിജയം അധ്യാപകർക്കും സഹപാഠികൾക്കും നാട്ടുകാർക്കുമെല്ലാം വേദനയായി മാറി. 720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. സംസ്ഥാനകലോത്സവത്തിൽ ഗോപിക നയിച്ച സംഘഗാന ടീം എ ഗ്രേഡ് നേടിയിരുന്നു.