പ്ലസ്‌ വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിൽ, 82,434 വിദ്യാർത്ഥികള്‍ !

മലപ്പുറം: പ്ലസ്‌ വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാർത്ഥികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി എഴുതിയ 79,637 പേർ, സി.ബി.എസ്.ഇ - 2,031, ഐ.സി.എസ്.ഇ- 12, മറ്റ് സിലബസുകള്‍ - 754, വിവിധ ജില്ലകളില്‍ നിന്നുള്ള 7,621 വിദ്യാർത്ഥികള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. 

സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,693 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 25ന് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. 29ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. പ്ലസ്‌വണ്ണിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായുള്ള സീറ്റുകള്‍ ജില്ലയിലില്ല. സർക്കാർ, എയ്ഡഡ് സ്‌കൂളില്‍ - 52,600, അണ്‍ എയ്ഡഡ് - 11,275 ഉള്‍പ്പെടെ ആകെ 63,875 സീറ്റുകളാണ് ജില്ലയിലുള്ളത്. വി.എച്ച്‌.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് വിഭാഗങ്ങളിലായുള്ള സീറ്റുകളുടെ എണ്ണം യഥാക്രമം 2,790, 1,124, 1,360 എന്നിങ്ങനെയും. ഇതടക്കം 69,149 സീറ്റുകളാണ് ജില്ലയിലുള്ളത്.