ഇടുക്കി: കുട്ടിക്കാനത്ത് കാർ 600 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. കാർ യാത്രക്കാരായ രണ്ടുപേർ അപകടത്തിൽ കൊല്ലപ്പെട്ടു. 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. റോഡിൽ നിന്നും 600 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.