'കോഫി ഹൗസ് എന്നാൽ വിശ്വാസമാണ്, സങ്കടമുണ്ട്': 59 വർഷം കൊല്ലത്ത് സ്നേഹം വിളമ്പിയ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ

കൊല്ലം: അര നൂറ്റാണ്ടിലേറെയായി കൊല്ലത്ത് സ്നേഹം വിളമ്പിയ ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. വ്യാഴാഴ്ച പ്രവർത്തനം നിർത്തും. ജീവനക്കാരുടെ കുറവും വരുമാനത്തിലെ ഇടിവുമാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം.

കൊല്ലം ജില്ലയിൽ ഇനി കോഫി ഹൗസ് കൊട്ടാരക്കരയിൽ മാത്രം. 11 വർഷമായി ജി മാക്സ് തിയേറ്ററിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് പൂട്ടുന്ന വിവരം അറിയിച്ച് നോട്ടീസ് പതിച്ചു. 1965 ജൂലൈയിൽ കപ്പലണ്ടി മുക്കിൽ തുടങ്ങിയപ്പോൾ 40 ജീവനക്കാർ. നിലവിൽ 21 പേർ. പാചകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവ് കുറഞ്ഞു. വരുമാനം ഇടിഞ്ഞു. സാമൂഹിക - സാംസ്കാരിക രാഷ്ട്രീയ ചർച്ചകളുടെ ഇടം കൂടിയായ കോഫി ഹൗസിനെ മാനേജ്മെന്‍റ് കൈവിട്ടു. കോഫി ഹൌസ് എന്നാൽ മറ്റുള്ള ഹോട്ടലുകള്‍ പോലെയല്ലെന്നും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ വിശ്വാസമാണെന്നും സ്ഥിരം സന്ദർശകർ പറയുന്നു. പൂട്ടുന്നതിൽ സങ്കടമുണ്ടെന്നും അവർ പ്രതികരിച്ചു.


കഴിഞ്ഞ ജൂണിൽ സമാന പ്രതിസന്ധിയുണ്ടായപ്പോൾ എം മുകേഷ് എം എൽ എ ഇടപെട്ട് തത്കാലത്തേക്ക് പ്രവർത്തനം തുടരാൻ അനുവദിച്ചു. മറ്റൊരു സ്ഥലത്തേക്ക് കോഫി ഹൌസ് മാറ്റുമെന്നായിരുന്നു ഉറപ്പ്. ജില്ലയിൽ കെ എസ് ആർ ടി സി സ്റ്റാന്‍റിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ഉൾപ്പെടെ സ്ഥലമുണ്ടായിട്ടും ജീവനക്കാരുടെ ഒഴിവ് നികാത്തത് തിരിച്ചടിയായി. ജീവനക്കാരെ മറ്റ് ശാഖകളിലേക്ക് മാറ്റാനാണ് തീരുമാനം