നഗരൂർ കടവിള മുട്ടമല അജിത വിലാസത്തിൽ ആത്മജ്യോതി (48) യാണ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം എട്ടിന് രാത്രിയിൽ സംസ്ഥാനപാതയിൽ ആലങ്കോട് പുളിമൂട് ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്ക് പറ്റിയ ആത്മജ്യോതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മരണപ്പെടുകയായിരുന്നു.
30 വർഷത്തോളമായി കിളിമാനൂരിൽ കൊറിയർ സർവീസ് നടത്തിവരികയായിരുന്നു. നിലവിൽ പുതിയകാവിൽ ട്രാക്കോൺ കൊറിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ മിമിക്രി കലാകാരന്മാരിൽ അപൂർവ്വ സൗഹൃദമായിരുന്നു ആത്മജ്യോതി. നാടിന്റെ നാനാഭാഗങ്ങളിൽ നിരവധി സുഹൃത്ത് വലയങ്ങലുള്ള ആത്മജ്യോതിയുടെ നിര്യാണത്തിൽ നാടിന്റെ വിവിധ തുറകളിലുള്ള സുഹൃത്തുക്കൾ അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആത്മജ്യോതി മരണപ്പെട്ടു എന്ന വാർത്ത ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ബന്ധുക്കളിലും, നാട്ടുകാർക്കുമിടയിൽ
ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. നിജസ്ഥിതി അറിയാതെ ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ രൂക്ഷമായ അമർഷമാണ് സുഹൃത്തുക്കൾക്കിടയിൽ നിലനിന്നത്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്വവസതിയിൽ എത്തിക്കും.. സംസ്കാരം വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : അജിത .
മക്കൾ : അബിൻജോതി - അഭിരാമി.