മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്ന് കോവൂർ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് അറിയിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെ ചുമതലപ്പെടുത്തിയെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, റിജാസിന്‍റെ മരണത്തിന് കാരണം കെഎസ്ഇബിയാണെന്ന് ആരോപിച്ച് അനാസ്ഥക്കെതിരെ കോവൂര്‍ കെഎസ്ഇബി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. മരണത്തിന് പിന്നിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.19കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്കൂട്ടർ കേടായതിനെതുടര്‍ന്ന് വാഹനം കട വരാന്തയിലേക്ക് കയറ്റിവെച്ച് സഹോദരനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൂണിൽ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയിൽ പറഞ്ഞിട്ടും നടപടി എടുത്തില്ല എന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണ് എന്ന് റിജാസിന്‍റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥർ ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു