അടുത്തയിടെ വൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന മലയാള സിനിമയിൽ, യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നത് അവതരിപ്പിച്ചിരുന്നു. 2006 ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പോലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്.
സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആധാരമാക്കിയാണു സിനിമ ഒരുക്കിയത്. സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമായ നിലമ്പൂർ സ്വദേശി വി.ഷിജു ഏബ്രഹാം നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്.