തലസ്ഥാനത്തെ 10 റോഡുകളും 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി; 'വെള്ളക്കെട്ട് പ്രശ്‌നത്തിനും ഉടൻ പരിഹാരം

തിരുവനന്തപുരം: നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് നിര്‍മാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ചര്‍ച്ചകളും ആസൂത്രണവും നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.


മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴ നഗരത്തില്‍ ചില മേഖലകളില്‍ വെള്ളക്കെട്ടിനു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, മേജര്‍ - മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, കോര്‍പ്പറേഷന്‍ എന്നിവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനം നടത്തി മേയ് 23നകം പ്രശ്നപരിഹാരമുണ്ടാക്കണം. തുടര്‍ന്നുള്ള ദിവസങ്ങളിലും നഗരത്തില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഈ വകുപ്പുകളിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ മുന്‍കൂട്ടി വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മന്ത്രി

നഗരത്തിലെ വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. കളക്ടര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറണം. ഓരോ ദിവസവും വൈകിട്ട് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മണ്‍സൂണ്‍ കാലത്ത് നഗരത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് അടക്കമുള്ള കെടുതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ഓരോ പ്രദേശങ്ങളുടേയും ചുമതലയ്ക്ക് ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തണം.' ഇവര്‍ കോര്‍പ്പറേഷനുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി.കെ പ്രശാന്ത്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.