കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദ്ദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റത്. ബസ്സിന്റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരനോട് ചോദിച്ചപ്പോ 'ബോർഡ് നോക്കെടാ' എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു. തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കമുണ്ടായത്. പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു.
ഡിപ്പോയിലെ ഗാർഡ് സുനിൽകുമാർ ആണ് ക്രൂരമർദ്ദനം നടത്തിയത്. പരിക്കേറ്റ ഷാജിമോൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത്. ഈ വീഡിയോയുടെ സഹായത്തോടെയാണ് മർദ്ദിച്ചയാളെ തിരിച്ചറിയാൻ സാധിച്ചത്.
കൊല്ലം പോലീസ് സ്റ്റേഷനിൽ ഷാജിമോൻ പരാതി നൽകിയിട്ടുണ്ട്. കുറ്റവാളിയായ കെ.എസ്.ആർ.ടി.സി. ഗാർഡിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നും ഇതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ്റ് ചവറ ഹരീഷ് കുമാറും ജനറൽ സെക്രട്ടറി ആർ. ദേവരാജനും ആവശ്യപ്പെട്ടു. നടപടികളുണ്ടായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.