വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.



നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. സമൃദ്ധിയുടെ ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്. എല്ലാവരും കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. 


കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. 

എന്നാല്‍ കാലം മാറിയപ്പോള്‍ വിഷു ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. സോഷ്യല്‍ മീഡിയയിലെ സെലിബ്രേറ്റികളും സിനിമ താരങ്ങളും മലയാളിക്ക് വിഷു ആശംസയുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം വിഷു ആശംസ നേർന്നു.