കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം 'കള്ളക്കടൽ' (swell surge) ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകൾ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ "കള്ളക്കടൽ" എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും, തീരത്തേക്ക് കയറാനും കാരണമാവും. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണപ്പെടും. തുടർന്ന് മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.