വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പിടിമുറുക്കുന്നു. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസൃതമായി പെട്രോൾ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അവഗണിച്ചതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നത്. ഇതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. സാമ്പത്തിക നഷ്‍ടവും ഉണ്ടാകും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്‍ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടക്കേണ്ടിവരും.
പഴയ വാഹനങ്ങൾ കൈവശം വച്ചിരിക്കുന്നവരാണ് മലിനീകരണ പരിശോധനയിൽ കൂടുതലും പരാജയപ്പെടുന്നത്. വാഹനം ടെസ്റ്റിൽ പരാജയപ്പെട്ടാലും വാഹന ഉടമകളിൽ നിന്ന് പണം വാങ്ങുന്നത് പല മലിനീകരണ കേന്ദ്രങ്ങളും പതിവാക്കിയിട്ടുണ്ടെന്നും ഇതും ഇത്തരം കേന്ദ്രങ്ങളിൽ തർക്കം ഉയരാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ അടിവരയിടുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പെട്രോൾ വാഹനങ്ങളിലെ ശരിയായ ഇന്ധന ജ്വലനം എക്‌സ്‌ഹോസ്റ്റ് എമിഷൻ കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പരീക്ഷണ വേളയിൽ എഞ്ചിൻ വേഗത (റിവല്യൂഷൻസ് പെർ മിനിട്ട്-ആർപിഎം) പോലുള്ള ഘടകങ്ങൾ പരിഗണിച്ച് ലാംഡ ടെസ്റ്റ് എമിഷൻ ലെവലുകൾ നിർണ്ണയിക്കുന്നു