ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് സമീപത്തെ മധുകുമാർ - ബിജി ദമ്പതികളുടെ വീട്ടുമുറ്റത്തുണ്ടായ ഭീമൻ വാഴക്കുല നാട്ടുകാർക്ക് കൗതുകമായി. വോട്ടഭ്യർത്ഥനയുടെ ഭാഗമായി മധുകുമാറിൻ്റെ വീട്ടിലെത്തിയ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ ആർ.രാമു ഭീമൻ കുലയുടെ വിവരങ്ങൾ കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു. ആയിരം കായ് പൂവൻ എന്നു വിളിപ്പേരുള്ള പ്രിസാണ്ട് സെർബു ഇനത്തിപ്പെടുന്ന അലങ്കാര വാഴയുടെ കന്ന് 1 വർഷം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പക്കൽ നിന്നുമാണ് മധുകുമാറിന് ലഭിക്കുന്നത്. ഏകദേശം 8 അടിയോളം നീളമുള്ള കുലയിൽ ആയിരത്തോളം കായ്കൾ ഉണ്ടായി. കൂടാതെ മൂന്ന് വാഴകന്നുകളും മാറ്റി നടാൻ പാകത്തിനു വളർന്നു. മറ്റിനം വാഴകളുടെ ജീവിതം ദൈർഘ്യം തന്നെയാണ് ആയിരം കായ് പൂവനുമുള്ളത്. ഇനിയും 6 മാസത്തോളം ആയുർദൈർഘ്യമുള്ള ഈ വാഴക്കുല 2 അടികൂടി വളരുകയും ഇരുനൂറുകയ്കൾ പുതിയതായി ഉണ്ടാവുമെന്നും മധുകുമാർ പറയുന്നു. ഇതുകൂടാതെ അലങ്കാര ചെടികളുടെയും ബോൺസായി മരങ്ങളുടെയും നിരവധി ശേഖരവും മധുകുമാറിൻ്റെ വീട്ടിലുണ്ട്.