സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.വീട്ടിൽ ജോഷി ഭാര്യ സിന്ധു, മരുമകൾ വർഷ , 3 കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. പുലർച്ചെ 5.30 മണിയോടെ സിന്ധു ജോഷി ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി ജോലിക്കാരിയുടെ മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. CCTV ദൃശ്യത്തിൽ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാൾ ജനൽ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. പിന്നീട് CCTV തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തിയിട്ടുണ്ട്, ജോഷിയുടെ മകൻ അഭിലാഷ് ടോമിയുടെ മൊഴിയെടുക്കുന്നുണ്ട്.